മഹാരാഷ്ട്രയിലുടനീളം തുടർച്ചയായ മഴ പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണത്തെയും വിപരീതമായി ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ വിപണികളിലുടനീളമുള്ള വി...
മഹാരാഷ്ട്രയിലുടനീളം തുടർച്ചയായ മഴ പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണത്തെയും വിപരീതമായി ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ വിപണികളിലുടനീളമുള്ള വിലയിൽ കുത്തനെ വർധനവിന് കാരണമായി.
മൊത്തവ്യാപാര വിപണിയിലെ വരവ് കുറഞ്ഞതിനാൽ പച്ചമുളക്, കുരുമുളക്, കോളിഫ്‌ളവർ, കാരറ്റ് എന്നിവയുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെയാണ് വില കൂടിയത്. പുണെ, നാസിക്, സത്താറ, കൊങ്കൺ, മേഖലകളിലെ കൃഷി നശിച്ചതാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സാധാരണക്കാരാണ് വർധിച്ച ജീവിതച്ചിലവിൽ ആശങ്കപ്പെടുന്നത്. 15 ദിവസത്തിനിടെ വിലയിൽ വലിയ മാറ്റമുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻകൂർ അഡ്വാൻസ് വാങ്ങി കരാർ ഉറപ്പിച്ച കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും പെട്ടെന്നുള്ള വിലക്കയറ്റം വലിയ തിരിച്ചടിയായി. മൂന്ന് മാസം മുൻപ് പലയിടത്തായി ആയിരങ്ങൾക്ക് ഓണസദ്യകൾ തയ്യാറാക്കാൻ കരാർ എടുത്ത ഓമനക്കുട്ടന് പറയാനുള്ളതും നഷ്ടക്കണക്കുകളാണ്.
നഗരത്തിലേക്കുള്ള പച്ചക്കറി പ്രധാനമായും നാസിക്, പുണെ, മേഖലകളിൽ നിന്നാണ് വരുന്നത്. കടല, പരിപ്പ്, പയറു വർഗ്ഗങ്ങൾ എന്നിവയെത്തുന്ന മറാഠവാഡ മേഖലയിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചത്. വസായ് മേഖലയിൽ നെല്ല്, വാഴ, കൃഷി വ്യാപകമായി നശിച്ചിരുന്നു. ലാത്തൂർ, സോലാപൂർ പ്രദേശങ്ങളിൽ കൃഷി ഭൂമിയടക്കം ഒലിച്ചു പോയിരുന്നു. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനോടൊപ്പം വിപണിയിലും സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
ആഗസ്റ്റ് മാസത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് 2,215 കോടി രൂപ നൽകുന്നുണ്ടെന്നും സംസ്ഥാനങ്ങളിൽ ബാധിച്ച പ്രധാന വിളകളിൽ സോയാബീൻ, ചോളം, പരുത്തി, ഉഴുന്ന്, തുവര, പച്ചക്കറികൾ, പഴവിളകൾ, തിന, കരിമ്പ്, ഉള്ളി എന്നിവ ഉൾപ്പെടുന്നുവെന്നും കൃഷി മന്ത്രി ദത്താത്രേയ ഭരാനെ വിലയിരുത്തിയെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല.
COMMENTS