യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോ...
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും തങ്ങളുടെ ലഗേജുകള്‍ പാക്ക് ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് വിമാനത്താവള അധികൃതരും കസ്റ്റംസും മുന്നറിയിപ്പ് നല്‍കി.
സാധാരണ നമ്മള്‍ കരുതുന്ന പല സാധനങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ പിടിച്ചെടുക്കപ്പെടാനും ചിലപ്പോള്‍ നിയമനടപടികള്‍ നേരിടാനും കാരണമായേക്കാം. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങള്‍ പുറപ്പെടുവിച്ച പ്രധാന നിരോധനങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
*കയ്യില്‍ കരുതുന്ന ലഗേജില്‍ വിലക്കുള്ളവ*
ഹാൻഡ് ലഗേജില്‍ ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളതെന്ന കാരണത്താല്‍ ചില സാധാരണ സാധനങ്ങള്‍ക്ക് വിലക്കുണ്ട്.
*ടേപ്പ് അളവുകള്‍:*
അളവെടുക്കുന്ന ടേപ്പുകള്‍ ഹാൻഡ് ലഗേജില്‍ കരുതാൻ പാടില്ല.
*കായിക ഉപകരണങ്ങള്‍:*
ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ് ബോർഡ്, ഫിഷിംഗ് റോഡ് (ചൂണ്ട) തുടങ്ങിയവ ക്യാബിൻ ലഗേജില്‍ നിരോധിച്ചിരിക്കുന്നു.
*കളിപാട്ടങ്ങൾ:*
തോക്കിന് സമാനമായ കളിപ്പാട്ടങ്ങള്‍ അമ്പും വില്ലും, ഡാർട്ടുകള്‍ എന്നിവ ഹാൻഡ് ലഗേജില്‍ കണ്ടാല്‍ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുക്കും.
*പോപ്പി വിത്തുകള്‍ ഭക്ഷണ സാധനങ്ങളും*
പോപ്പി വിത്തുകള്‍: ഇന്ത്യൻ അടുക്കളകളില്‍ സർവ്വസാധാരണമായി ഉപയോഗിക്കുന്ന പോപ്പി വിത്തുകള്‍ യുഎഇയില്‍ പൂർണ നിരോധനമുണ്ട്. ലഹരിമരുന്നുകളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ ചേർത്ത രൂപത്തിലായാല്‍ പോലും പോപ്പി വിത്തുകള്‍ കൊണ്ടുവരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
*പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍:*
പന്നിയിറച്ചിയും അതുകൊണ്ടുണ്ടാക്കുന്ന ലാർഡ്, ജെലാറ്റിൻ, ബേക്കണ്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും കസ്റ്റംസ് വഴി രാജ്യത്തേക്ക് കടത്താൻ അനുവാദമില്ല.
*ദുർഗന്ധമുള്ള പഴങ്ങള്‍ക്ക് വിലക്ക്*
ഇത്തിഹാദ് എയർവേസ് ഉള്‍പ്പെടെയുള്ള ചില വിമാനക്കമ്പനികള്‍ കടുത്ത മണമുള്ള ചില പഴങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചക്ക, ദുരിയാൻ, ചമ്പടക് തുടങ്ങിയ പഴങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകാൻ പാടില്ല.
*മരുന്നുകളും ലഹരി വസ്തുക്കളും*
മറ്റ് രാജ്യങ്ങളില്‍ നിയമവിധേയമായ പല മരുന്നുകളും യുഎഇയില്‍ നിയന്ത്രിത വസ്തുക്കളാണ്. ഡോക്ടറുടെ വ്യക്തമായ പ്രിസ്ക്രിപ്ഷൻ ഇല്ലാത്തതും ലഹരി/സൈക്കോട്രോപിക് ഗണത്തില്‍പ്പെടുന്നതുമായ മരുന്നുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. കഞ്ചാവ്, സിബിഡി ഓയിലുകള്‍ എന്നിവ രാജ്യത്ത് പൂർണമായും നിരോധിച്ചിരിക്കുന്നു.
പ്രധാന വിമാനത്താവളങ്ങളിലെ മറ്റ് നിരോധിത വസ്തുക്കള്‍
*ദുബായ് എയർപോർട്ട്:*
ലഹരിമരുന്നുകള്‍, ചൂതാട്ട ഉപകരണങ്ങള്‍, അനുമതിയില്ലാത്ത പുസ്തകങ്ങള്‍/ചിത്രങ്ങള്‍, വ്യാജ കറൻസികള്‍, ആനക്കൊമ്പ് തുടങ്ങിയവ.
*ഷാർജ എയർപോർട്ട്:*
6 സെന്‍റീമീറ്റർ കൂടുതല്‍ നീളമുള്ള കത്തികള്‍, സിസർ, പടക്കങ്ങള്‍, കംപ്രസ്ഡ് ഓക്സിജൻ സിലിണ്ടറുകള്‍, അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗുഷറുകള്‍.
*അബുദാബി എയർപോർട്ട്:*
തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങള്‍, വിഷവസ്തുക്കള്‍, കെമിക്കലുകള്‍, വ്യാജ ആയുധങ്ങള്‍.

COMMENTS